Sunday 20 January 2013

എന്റെ കുറിപ്പുകള്‍




ഇരുളില്‍ ലയിച്ച നിമിഷങ്ങള്‍



നീണ്ട നിശബ്ദത. വെളിച്ചങ്ങള്‍ അണഞ്ഞിരിക്കുന്നു. ഇത്തിരി നേരം ഇരുട്ടില്‍ ലോകത്തെ നോക്കി കാണാന്‍ സാധിച്ചിരിക്കുന്നു . . . ഈ പ്രഖ്യാപിത ലോഡ് ഷെഡിംങ്ങിന്റെ സമയത്ത് . അന്ധകാരത്തില്‍ ലയിച്ചിരിക്കുക. കാതുകളിലേക്ക്  മറ്റെന്തൊക്കെയോ ശബ്ദങ്ങള്‍ എത്തുന്നു. വൈദ്യുതിമയമായിരുന്ന പ്രദേശം ഇരുട്ടിലാഴുന്നു.  പൂര്‍ണ്ണനിലാവില്‍ നിഴല്‍ വൃക്ഷങ്ങള്‍ ജന്മമെടുക്കുന്നു. ഒരു പച്ചയായ പ്രകൃതി ദര്‍ശനം. വീടുകളില്‍ നിന്നും ടെലിവിഷനില്‍ നിന്നുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനില്ല. എവിടെയും സി എഫ് എല്‍-ന്റെ വെള്ള വെളിച്ചം കാണാനില്ല. വഴി വിളക്കുകള്‍ക്കു ചുറ്റും വട്ടമിട്ടു പറന്നിരുന്ന പ്രാണികള്‍ അപ്രത്യക്ഷരായി. എല്ലാ വിദ്യുഛക്തി ഉപകരണങ്ങള്‍ക്കും ഒരു ചെറിയ വിശ്രമം. മനുഷ്യന് ഇത്തിരി നേരമെങ്കിലും വെറുതെ ഇരിക്കുവാന്‍ ഒരവസരം. കൂട്ടുകൂടിയിരുന്നു കുശലം പറയുവാനൊരവസരം.
                ഈ സമയത്ത് പ്രകൃതി അന്ധകാരത്തില്‍ ലയിക്കുന്നുവോ അതോ അന്ധകാരം പ്രകൃതിയില്‍ അലിഞ്ഞു ചേരുന്നുവോ . . . . ? ഭൂമി അപ്പോഴും ഇരുട്ടില്‍ ചലിച്ചു കൊണ്ടിരിക്കുന്നു . . . ഘടികാരത്തിലെ സമയസൂചിക്ക്  ആരെയും കാത്തു നില്‍ക്കാനാവുന്നില്ല. ഇരുളില്‍ ലയിച്ച നിമിഷങ്ങളുടെ അന്ത്യം സംഭവിച്ചു കൊണ്ടിരിക്കുന്നു. മുപ്പതാം മിനുട്ടിന്റെ അവസാന നിമിഷങ്ങള്‍ . . . പെട്ടെന്ന് പ്രകാശം എല്ലായിടത്തും പരന്നു. ക്ഷണ നേരം കൊണ്ട്  ഇരുട്ട്  എവിടെയോ പോയ്മറഞ്ഞു.പൂര്‍ണ ചന്ദ്രന്റെ  സുന്ദരമായ നിലാവെളിച്ചത്തെ അത് അപഹരിച്ചു. പിന്നെയും പഴയ പോലെ വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും മറ്റെല്ലാ വസ്തുക്കള്‍ക്കും കൃത്രിമച്ഛായ വീഴുന്നു.  പക്ഷെ  അങ്ങകലെ ആകാശത്തിലേക്ക് നോക്കുമ്പോള്‍
അമ്പിളിക്കല അപ്പോഴും
  പ്രകാശം
ചൊരിയുന്നുണ്ടായിരുന്നു. നക്ഷത്രങ്ങള്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു. ഇവര്‍ക്കൊരു നിമിഷം പോലും വിശ്രമമില്ലല്ലോ.

      "ഹേ താരസമൂഹമേ . . നിങ്ങള്‍ക്കൊരിക്കലും അന്ധകാരത്തെ സൃഷ്ടിക്കുവാന്‍ കഴിയില്ല". അവരെപ്പോഴും നമ്മെ നോക്കി പുഞ്ചിരി തൂകി നില്‍ക്കുന്നു.
പെട്ടെന്ന്  ചിറകുകളുള്ള പ്രാണികള്‍ പ്രത്യക്ഷരായി  വഴിവിളക്കുകള്‍ക്കു ചുറ്റും വട്ടമിട്ടു പറക്കുവാന്‍ തുടങ്ങി . . . . .  .

                                                                                                                                                                                            മിഥുന്‍ ശങ്കര്‍  

Saturday 19 January 2013

  എന്റെ കുറിപ്പുകള്‍

 

തീവ്രവാദവും ആണവശക്തിയും പിന്നെ കൃഷി എന്ന വില്ലനും 

- അനാവശ്യമായ ഒരു സത്യാന്വേഷണം 

ഞാന്‍ ഇതില്‍ കുത്തിക്കുറിക്കുന്ന കാര്യങ്ങള്‍ വസ്തുതപരമാല്ലാത്തതും അടിസ്ഥാനരഹിതവുമാകാം. കാരണം മന്നസ്സില്‍ തോന്നിയ കാര്യങ്ങള്‍ ഈ താളുകളില്‍ ചേര്‍ത്തപ്പെട്ടു എന്ന എന്റെ സംതൃപ്തിയല്ലാതെ മറ്റൊന്നും ഇതില്‍ നിന്ന് വാര്‍ത്തെടുക്കാനില്ല. 


                              'ഞാന്‍ ഒരു കര്‍ഷകനാണ് ' എന്ന് പറയുന്നതിനേക്കാള്‍ എനിക്കഭിമാനം തോന്നുന്നു 'ഞാന്‍ ഒരു ഡോക്ടര്‍ ആണ് ' എന്ന് പറയുന്നതില്‍ അല്ലെങ്കില്‍ 'ഞാന്‍ ഒരു എഞ്ചിനീയര്‍ ' ആണ് എന്ന് പറയുന്നതില്‍. പുരാതന കാലം മുതല്‍ക്കേ മനുഷ്യന് കൈവശമുണ്ടായിരുന്ന , മനുഷ്യ ജീവിതത്തിന്റെ ഗതി മാറ്റിയ കാര്‍ഷികവൃത്തി , ഇന്ന് വെറുമൊരു സാധാരണ തൊഴിലാളിയുടെ തട്ടിലുള്ള ഒരു ഉപജീവന മാര്‍ഗ്ഗമായി മാറി എന്ന സത്യം മനസ്സിലാക്കുമ്പോള്‍ ലോകവും മനുഷ്യരും ഒരുപാട് മാറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കപ്പെടുന്നു. അന്നും ഇന്നും മനുഷ്യന്റെ അന്നമായ , മനുഷ്യജീവിതം നിലനിര്‍ത്തുന്നതിനാവശ്യമായ 'കൃഷി' വില്ലനാണെന്ന് പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ ആരും വിശ്വസിക്കില്ല. അല്ലെങ്കിലും എന്തിനു വിശ്വസിക്കണം . . . ? വിശ്വസിക്കേണ്ട ഒരാവശ്യവുമില്ല. . . . പക്ഷെ ഞാന്‍  അങ്ങിനെ പറയാന്‍ ആഗ്രഹിക്കുന്നു. എന്ത് കൊണ്ട് ഞാന്‍ അങ്ങിനെ പറഞ്ഞു എന്നതിന്  ഉത്തരം എന്റെ ചില മണ്ടന്‍ ആശയങ്ങള്‍ എന്നെ അങ്ങനെ ചിന്തിപ്പിച്ചു എന്ന് പറയുന്നതാണ് ഉചിതം. പതിനായിരക്കണക്കിനു വര്‍ഷങ്ങളോളം പഴക്കമുള്ള മനുഷ്യജീവിത ചരിത്രത്തില്‍ കൃഷിക്ക്  വളരെയധികം പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന മനുഷ്യനെ സാമുഹ്യജീവിയാക്കി  മാറ്റിയ കൃഷി നിമിത്തം അവന് സ്വന്തമായി പാര്‍പ്പിടവും, വസ്ത്രധാരണ രീതികളും ഉണ്ടാക്കാന്‍ കഴിഞ്ഞു. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടപ്പോള്‍ മനുഷ്യന്‍ ഗോത്രവര്‍ഗ്ഗമായി താമസിക്കുവാന്‍ തുടങ്ങി. ഇലകളും കായ്കളും പച്ച മാംസവും തിന്നു മരത്തിനു താഴെയും ഗുഹകളിലും കിടന്നുറങ്ങിയിരുന്ന അവസ്ഥയെക്കാള്‍ വളരെ വ്യത്യസ്തമായിരുന്നു ഈ രീതി. അന്ന് അവനു വിശ്രമം ഉണ്ടായിരുന്നില്ല. എന്നാല്‍ ഗോത്രവര്‍ഗ്ഗ ജീവിതത്തില്‍ അവന്‍ വിശ്രമിച്ചു. ഇടവേളകളില്‍ അവന്‍ കൃഷിയവശ്യങ്ങള്‍ക്കായും അല്ലാതെയും പലതും കണ്ടെത്തി. ആയുധങ്ങള്‍,കൃഷിയായുധങ്ങള്‍,ഇരുമ്പ്,ഓട്,കരകൌശലവസ്തുക്കള്‍ , മണ്‍പാത്രങ്ങള്‍ ആഭരണങ്ങള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു
. 

എന്നാല്‍ ഗോത്രങ്ങളില്‍ നിന്ന്  അധികാരമോഹങ്ങളും മതവും ഉരുത്തിരിഞ്ഞു എന്ന വസ്തുത വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. മതത്തെയും ജാതിയേയും പറ്റിയുള്ള അന്ധമായ വിശ്വാസം ഉണ്ട് എന്നിരിക്കെത്തന്നെ മതങ്ങള്‍ക്ക്  ഉറച്ച അടിസ്ഥാനമുണ്ടെന്ന്  ഞാന്‍ കരുതുന്നു. ഗോത്ര വിഭാഗങ്ങളുടെ ജീവിതം ചില ചിട്ടയോടും നിയന്ത്രണങ്ങളോടും കൂടി ആയിരുന്നു എന്നതില്‍ നിന്ന് ക്രമേണ അതൊരു ശീലവും ആചാരങ്ങളും ആയിത്തീര്‍ന്നു എന്ന് പറയാം. ഓരോ ഗോത്രങ്ങളുടെയും ജീവിത രീതികള്‍ക്കനുസരിച്ച് അവരുടെ ചെയ്തികളും വ്യത്യാസപ്പെട്ടു. എല്ലാം നിയന്ത്രിക്കുന്ന ഗോത്രത്തലവനും മനസ്സിലാകാത്ത പലതും ഭൂമിയില്‍ ഉണ്ടായിരുന്നല്ലോ . . ഭൂകമ്പം , വരള്‍ച്ച , മറ്റു പ്രകൃതിക്ഷോഭങ്ങള്‍ , പകര്‍ച്ചവ്യാധി എന്നിങ്ങനെ അവ നീളുന്നു. ഇതിനറുതിയായി മനുഷ്യന്റെ സാങ്കല്‍പ്പികത പ്രവര്‍ത്തിച്ചു. അവരെ എതിരിട്ട ഏതു പ്രകൃതി പ്രതിഭാസങ്ങളേയും അവര്‍ ദൈവങ്ങളായി പരിണമിപ്പിച്ചു. അങ്ങനെ മഴ ദേവനും , വായു ദേവനും , കടല്‍ ദേവനുമൊക്കെ ഉണ്ടായി. ഇങ്ങനെ ഉള്ളവരുടെ പ്രീതിക്കായി അവര്‍ പല പ്രക്രിയകളും രീതികളുമുണ്ടാക്കി. അവയില്‍ മനുഷ്യത്വ രഹിതമായ പലതും ഉണ്ടായിരുന്നു. ഇങ്ങനെ ഒരു ഭയ ഭീതിയില്‍ നിന്നും മതം ഉത്ഭവിച്ചു എന്നത് വസ്തുതാപരമായ കാര്യം തന്നെയാണ്. ഈ മതങ്ങള്‍ക്ക്  ശക്തമായ രീതികള്‍ കൈവരിക്കുന്നതിന് മനുഷ്യന്റെ ഭയവും സാങ്കല്‍പ്പികതയും ധാരാളമായിരുന്നു. ജീവിത രീതികളില്‍ നിന്നും ഭയാനുഭവങ്ങളില്‍ നിന്നും ഉത്ഭവിച്ച മതം പിന്നീട് മനുഷ്യ ജീവിതത്തെ തന്നെ സ്വാധീനിച്ചു.

                  ഗോത്ര വര്‍ഗ നേതൃത്വങ്ങളില്‍ നിന്നും ഭരണ മോഹങ്ങള്‍ ചെന്നെത്തിയത്  ഏതു വരെയാണെന്ന്  നമുക്കറിയാം. ഗോത്രവര്‍ഗങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ തുടങ്ങി രണ്ടു മഹായുദ്ധങ്ങളും മാരകമായ നാശം വിതറുന്ന ആണവയുദ്ധങ്ങള്‍ വരെ അത് എത്തിനില്‍ക്കുന്നു. യുദ്ധം മനുഷ്യനെ സ്വാധീനിച്ചത്  ചെരറുതായോന്നുമല്ല എന്ന് നമുക്കറിയാമല്ലോ . ഭരണ മോഹങ്ങള്‍ അല്ലെങ്കില്‍ എല്ലാം പിടിച്ചടക്കാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാനായി മറ്റുള്ളവരെ ആക്രമിക്കുകയും, യുദ്ധം ചെയ്തതിനും എല്ലാം മനുഷ്യനോളം തന്നെ പഴക്കമുണ്ട്. അതിന്നും ജനങ്ങളുടെ പേടിസ്വപ്നമായി വിപുലമായ രീതിയില്‍ തന്നെ നടക്കുന്നുണ്ടല്ലോ.....ചെറുത്തുനില്‍പ്പിനും ആക്രമണത്തിനും വേണ്ടി ആണവ ശക്തികളാകുന്ന രാജ്യങ്ങള്‍ ഓര്‍ക്കാറില്ലല്ലോ കൃഷിയില്‍ നിന്നാണ് ഇതിനെല്ലാം തുടക്കമിട്ടതെന്ന്

             ഇന്ന് നമ്മുടെ ലോകം എതിരിടുന്ന പ്രധാനപ്രശ്നങ്ങളായ യുദ്ധവും മതതീവ്രവാതവും എത്രത്തോളം ലോകത്തെ മാറ്റി മറച്ചു . . . . ? ലോകത്തു നിന്നും സമാധാനം തുടച്ചു നീക്കപ്പെട്ടുകൊണ്ടിരിക്കുന്നു
             ഒരു  പക്ഷെ   ,   നായാട്ട് നടത്തി മൃഗങ്ങളെ കൊന്നു അന്നന്നത്തെ ഭക്ഷണം ശേഖരിച്ചു നടന്നിരുന്ന മനുഷ്യനെ സാമുഹ്യജീവിയാക്കി മാറ്റിയ കൃഷി തന്നെയല്ലേ ,  തുടര്‍ന്ന് ഗോത്രങ്ങളായി മാറുവാനും , വര്‍ഗങ്ങളായി വേര്‍തിരിയുവാനും , തൊഴില്‍-സാമുദായിക വിഭജനം ഉണ്ടാക്കുകയും , എല്ലാം യുദ്ധം ചെയ്തു നേടുവാനുള്ള മോഹങ്ങളുണ്ടാക്കുകയും ചെയ്തത്....? 
  ലക്ഷോപലക്ഷം ആളുകളുടെ ജീവനെടുത്ത യുദ്ധങ്ങളുടെയും , തെറ്റായ സാമുദായിക-ആത്മീയ ബോധത്തിന്റെയും കാരണമായ ആ അടിവേരുകള്‍ ചെന്നെത്തുന്നത്  കൃഷിയിലാണെങ്കില്‍ 'കൃഷി' ഒരു വില്ലന്‍ തന്നെയല്ലേ.....................

                                 
                     എല്ലാവരും ആദരിക്കേണ്ട , പിന്തുടരേണ്ട , കാലങ്ങളോളം പഴക്കമുള്ള 'കൃഷി'യെ എന്റെ മനസ്സിലൂടെ ഞാന്‍ പ്രതിനായക രൂപത്തില്‍ ആലോചിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. ഏതിനും ഉണ്ടാകുന്ന രണ്ടു വശങ്ങളില്‍ ചീത്ത വശം മാത്രം ആലോചിച്ചതു കൊണ്ടോ മനുഷ്യന്റെ നന്മയുടെ പ്രതീകമായ കൃഷിയെ ഒരു നിമിഷം വില്ലനായി കാണുന്നതിനു വേണ്ടിയുള്ള എന്റെ ആഗ്രഹമോ ആകണം എന്നെ ഇത്രയും എഴുതുവാന്‍ പ്രേരിപ്പിച്ചത്. എന്തോ ആകട്ടെ ആഗ്രഹങ്ങള്‍ ആണല്ലോ മനുഷ്യനെ ഇത് വരെ എത്തിച്ചത്. എന്തായാലും എന്റെ കയ്യും മനസ്സും ചലിപ്പിക്കാനാവശ്യമായ , മാനുഷരെ നിലനിര്‍ത്തുന്ന 'കാര്‍ഷികവൃത്തി' അനുഷ്ഠിച്ച് ലോകജനതയെ നിലനിര്‍ത്തുന്ന കര്‍ഷകരേ നിങ്ങള്‍ക്കെന്റെ  അത്മപ്രണാമം . . . . 
                              മംഗളം................
                                                                                                                21-05-2012 



                                                                                                               Midhun sankar.N