Sunday 20 January 2013

എന്റെ കുറിപ്പുകള്‍




ഇരുളില്‍ ലയിച്ച നിമിഷങ്ങള്‍



നീണ്ട നിശബ്ദത. വെളിച്ചങ്ങള്‍ അണഞ്ഞിരിക്കുന്നു. ഇത്തിരി നേരം ഇരുട്ടില്‍ ലോകത്തെ നോക്കി കാണാന്‍ സാധിച്ചിരിക്കുന്നു . . . ഈ പ്രഖ്യാപിത ലോഡ് ഷെഡിംങ്ങിന്റെ സമയത്ത് . അന്ധകാരത്തില്‍ ലയിച്ചിരിക്കുക. കാതുകളിലേക്ക്  മറ്റെന്തൊക്കെയോ ശബ്ദങ്ങള്‍ എത്തുന്നു. വൈദ്യുതിമയമായിരുന്ന പ്രദേശം ഇരുട്ടിലാഴുന്നു.  പൂര്‍ണ്ണനിലാവില്‍ നിഴല്‍ വൃക്ഷങ്ങള്‍ ജന്മമെടുക്കുന്നു. ഒരു പച്ചയായ പ്രകൃതി ദര്‍ശനം. വീടുകളില്‍ നിന്നും ടെലിവിഷനില്‍ നിന്നുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനില്ല. എവിടെയും സി എഫ് എല്‍-ന്റെ വെള്ള വെളിച്ചം കാണാനില്ല. വഴി വിളക്കുകള്‍ക്കു ചുറ്റും വട്ടമിട്ടു പറന്നിരുന്ന പ്രാണികള്‍ അപ്രത്യക്ഷരായി. എല്ലാ വിദ്യുഛക്തി ഉപകരണങ്ങള്‍ക്കും ഒരു ചെറിയ വിശ്രമം. മനുഷ്യന് ഇത്തിരി നേരമെങ്കിലും വെറുതെ ഇരിക്കുവാന്‍ ഒരവസരം. കൂട്ടുകൂടിയിരുന്നു കുശലം പറയുവാനൊരവസരം.
                ഈ സമയത്ത് പ്രകൃതി അന്ധകാരത്തില്‍ ലയിക്കുന്നുവോ അതോ അന്ധകാരം പ്രകൃതിയില്‍ അലിഞ്ഞു ചേരുന്നുവോ . . . . ? ഭൂമി അപ്പോഴും ഇരുട്ടില്‍ ചലിച്ചു കൊണ്ടിരിക്കുന്നു . . . ഘടികാരത്തിലെ സമയസൂചിക്ക്  ആരെയും കാത്തു നില്‍ക്കാനാവുന്നില്ല. ഇരുളില്‍ ലയിച്ച നിമിഷങ്ങളുടെ അന്ത്യം സംഭവിച്ചു കൊണ്ടിരിക്കുന്നു. മുപ്പതാം മിനുട്ടിന്റെ അവസാന നിമിഷങ്ങള്‍ . . . പെട്ടെന്ന് പ്രകാശം എല്ലായിടത്തും പരന്നു. ക്ഷണ നേരം കൊണ്ട്  ഇരുട്ട്  എവിടെയോ പോയ്മറഞ്ഞു.പൂര്‍ണ ചന്ദ്രന്റെ  സുന്ദരമായ നിലാവെളിച്ചത്തെ അത് അപഹരിച്ചു. പിന്നെയും പഴയ പോലെ വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും മറ്റെല്ലാ വസ്തുക്കള്‍ക്കും കൃത്രിമച്ഛായ വീഴുന്നു.  പക്ഷെ  അങ്ങകലെ ആകാശത്തിലേക്ക് നോക്കുമ്പോള്‍
അമ്പിളിക്കല അപ്പോഴും
  പ്രകാശം
ചൊരിയുന്നുണ്ടായിരുന്നു. നക്ഷത്രങ്ങള്‍ കത്തിജ്വലിച്ചു നില്‍ക്കുന്നു. ഇവര്‍ക്കൊരു നിമിഷം പോലും വിശ്രമമില്ലല്ലോ.

      "ഹേ താരസമൂഹമേ . . നിങ്ങള്‍ക്കൊരിക്കലും അന്ധകാരത്തെ സൃഷ്ടിക്കുവാന്‍ കഴിയില്ല". അവരെപ്പോഴും നമ്മെ നോക്കി പുഞ്ചിരി തൂകി നില്‍ക്കുന്നു.
പെട്ടെന്ന്  ചിറകുകളുള്ള പ്രാണികള്‍ പ്രത്യക്ഷരായി  വഴിവിളക്കുകള്‍ക്കു ചുറ്റും വട്ടമിട്ടു പറക്കുവാന്‍ തുടങ്ങി . . . . .  .

                                                                                                                                                                                            മിഥുന്‍ ശങ്കര്‍  

1 comment:

  1. നന്നായിട്ടുണ്ട്.... :)

    ReplyDelete